This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റഫര്‍, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റഫര്‍, വിശുദ്ധ

Christopher, Saint

ക്രിസ്ത്യന്‍ രക്തസാക്ഷിയും യാത്രികരുടെ രക്ഷിതാവും. എ.ഡി. 3-ാം ശതകത്തില്‍ രക്തസാക്ഷിത്വം വരിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഈ വിശുദ്ധന്റെ സ്മരണാര്‍ഥം പാശ്ചാത്യസഭകള്‍ ജൂലായ് 25 തിരുനാളായി ആചരിക്കുന്നു. ലിസിയ (Lycia) രാജാവായ ഡിഷിയസിന്റെ (Decius) കല്പനയനുസരിച്ച് ക്രിസ്റ്റഫര്‍ എന്നൊരാള്‍ വധിക്കപ്പെട്ടതായി റോമില്‍ സൂക്ഷിച്ചിട്ടുള്ള രക്തസാക്ഷികളുടെ വിവരണത്തിലുണ്ട്.

പാശ്ചാത്യ-പൌരസ്ത്യസഭകളില്‍ പുരാതനകാലം മുതല്‍തന്നെ ക്രിസ്റ്റഫറിന്റെ നാമം പ്രസിദ്ധമായിരുന്നു. ക്രിസ്തുവിനെ വഹിക്കുന്നവന്‍ (Christ bearer) എന്നാണ് ക്രിസ്റ്റഫര്‍ എന്ന പദത്തിനര്‍ഥം. ഇതിന് ഉപോദ്ബലകമായി പ്രചരിച്ചിരുന്ന കഥ ഇങ്ങനെയാണ്: കായികശേഷിയുണ്ടായിരുന്ന ക്രിസ്റ്റഫര്‍ യാത്രക്കാരെ സ്വന്തം ചുമലിലേറ്റി നദി കടത്തിവിടുന്ന ജോലി സ്വയം ഏറ്റെടുത്തിരുന്നു. ക്രിസ്തുവിനെക്കുറിച്ചു അറിയാനിടയായ ക്രിസ്റ്റഫര്‍ അദ്ദേഹത്തെ കാണണമെന്ന ആഗ്രഹവുമായി കഴിയുന്ന അവസരത്തില്‍ ഒരു ദിവസം കോമളനായ ഒരു കൊച്ചു കുട്ടി നദി കടക്കാന്‍ എത്തുകയും കുട്ടിയെയും ചുമലിലേറ്റി ക്രിസ്റ്റഫര്‍ നദിയിലേക്കിറങ്ങവേ ഓരോ ചുവടും പിന്നിടുമ്പോഴും കുട്ടിയുടെ ഭാരം കൂടി വന്നുവെന്നും അവസാനം കുട്ടിക്ക് ലോകത്തിന്റെ ഭാരം തോന്നിയെന്നും കുട്ടി ഏതെന്ന ക്രിസ്റ്റഫറിന്റെ ചോദ്യത്തോട് 'ഞാനാണ് നീ അന്വേഷിക്കുന്ന ക്രിസ്തു' എന്നു മറുപടി പറഞ്ഞുകൊണ്ട് കുട്ടി അപ്രത്യക്ഷനായി എന്നുമാണ് കഥ. ക്രിസ്തുവിനെ ചുമലിലേറ്റിയെന്ന ചാരിതാര്‍ഥ്യത്തോടെ ഇദ്ദേഹം പില്ക്കാലത്തു സുകൃത ജീവിതം നയിച്ചുവത്രെ.

ചരിത്രപരമായി തെളിവൊന്നുമില്ലെങ്കിലും വിശ്വാസികള്‍ക്ക് ഇത് സുവിശേഷമാണ്. 452-ല്‍ ബിഥീനീയ (Bithynia) എന്ന സ്ഥലത്ത് ഒരു ദേവാലയം ക്രിസ്റ്റഫറിന്റെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ രക്തസാക്ഷിത്വം വരിച്ച സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നു തെറിച്ച ഒരു തുള്ളി രക്തം, വധിക്കാനുത്തരവിട്ട രാജാവിന്റെ ദേഹത്തുവീണുവെന്നും, തത്ക്ഷണം ആ രാജാവിനുണ്ടായിരുന്ന ഒരു തീരാവ്യാധി അദ്ഭുതകരമാംവിധം സുഖപ്പെട്ടുവെന്നും ഇതിനെത്തുടര്‍ന്ന് രാജാവുതന്നെ മാനസാന്തരപ്പെട്ടുകൊണ്ട് മാമോദീസ സ്വീകരിച്ചുവെന്നും കഥയുണ്ടായി. ഈ കഥയുടെ വെളിച്ചത്തില്‍, വിശുദ്ധ ക്രിസ്റ്റഫറിന്റെ പ്രതിമയിലേക്കു നോക്കുന്ന ഏതൊരു വ്യക്തിക്കും അന്നേദിവസം അപകടമൊന്നും സംഭവിക്കുകയില്ലെന്ന വിശ്വാസം മധ്യകാലഘട്ടത്തിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ക്രൈസ്തവര്‍ നഗരവാതിലുകളിലും പാലങ്ങളിലും ദേവാലയകവാടങ്ങളിലും ക്രിസ്റ്റഫറിന്റെ പ്രതിമകള്‍ സ്ഥാപിച്ചുവണങ്ങുവാന്‍ ആരംഭിച്ചു. കൊടുങ്കാറ്റിനെതിരെ സംരക്ഷണം ലഭിക്കുവാന്‍ ക്രിസ്റ്റഫറിനോടുള്ള വണക്കം സഹായിക്കുമെന്നും അവര്‍ വിശ്വസിച്ചു. നാവികയാത്രക്കാരുടെയും മോട്ടോര്‍വാഹനയാത്രക്കാരുടെയും രക്ഷിതാവായി കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ ക്രിസ്റ്റഫര്‍ ഇന്നും വിശുദ്ധനായി വണങ്ങപ്പെടുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍